About

ഹോരേബ് - ദൈവത്തെ കണ്ടുമുട്ടാനൊരിടം. ജീവിതം എന്നെന്നേക്കുമായി മാറുന്ന ഇടം. കത്തിജ്വലിച്ചിട്ടും കരിഞ്ഞുപോകാത്ത മുൾപ്പടർപ്പിലൂടെ സംസാരിച്ച ദൈവസാന്നിധ്യത്തിന്റെ ചൂടിൽ നിൽക്കാൻ ഏതു ഭക്തനാണ് ആഗ്രഹിക്കാത്തത്? കാലിലെ ചെരിപ്പുകളഴിച്ചുകളഞ്ഞ് കാതോർക്കുമ്പോൾ കേൾക്കാം കാദേശ് മരുവിനെ നടുക്കുന്ന ഒരു ശബ്ദം. അതുമല്ലെങ്കിൽ മാൻപേടകളെ പ്രസവിക്കുമാറാക്കുന്ന ഒരു ഇമ്പസ്വരം. 

ഹോരേബ്- തകർച്ചയുടെ കഠിനമായ ഒരു വിജനതയാകുന്നു. ഒന്നുമല്ലാത്ത ആ അവസ്ഥയിൽ നിന്നാണ് ശൂന്യതയിൽ നിന്ന് പ്രപഞ്ചത്തെ സൃഷ്ടിച്ച ദൈവം പ്രവർത്തിച്ചു തുടങ്ങുന്നത്. അവിടെ നിന്നാണ് എല്ലാം നഷ്ടപ്പെട്ട് വെറുമൊരു ആട്ടിടയനായിരുന്നവൻ ആളുകളെ മേയിച്ചു തുടങ്ങുന്നത്. രാത്രി മുഴുവൻ അധ്വാനിച്ചിട്ടും ഒന്നും കിട്ടാതിരുന്ന മുക്കുവൻ മനുഷ്യരെ പിടിക്കുന്നവനായി മാറുന്നതും ആ സാന്നിധ്യത്തിൽ നിന്നുമാണ്. കാലങ്ങളിലൂടെ തൻ്റെ മഹത്തും ഭയങ്കരവുമായ പ്രവർത്തികളെ നടപ്പാക്കുന്ന പരിശുദ്ധ ദൈവത്തിന് നന്ദി അർപ്പിച്ചുകൊണ്ട് ഹോരേബിൽ നിന്നുള്ള ഈ അക്ഷരങ്ങൾ പ്രിയരേ നിങ്ങൾക്കായി സമർപ്പിക്കുന്നു. നമുക്കൊന്നിച്ച് യാത്രതുടരാം. നമ്മൾ ഈ മരുഭൂവിലെ വെറും വഴിപോക്കർ മാത്രമാകുന്നു.

 

www.horebletters.in