ദൈവാശ്രയം 

lonely boat/horebletters

ഇരുൾ വീഥിയിൽ മായും പ്രതീക്ഷ തൻ ധ്വനികൾ
എങ്ങും മുഴങ്ങവേ 
അലിവ് തേടും മാനവ ജീവിതങ്ങൾ
അവനിയിൽ ആലംബമില്ലാതലഞ്ഞീടവേ 
അരികിലേക്ക് അണഞ്ഞൊരാ
അപ്രമേയമാം സ്നേഹധാരയിൽ ഞാൻ
അനവരതം ആശ്രയം കണ്ടെത്തിടുന്നു.

കരുണാകരനാം ദേവാത്മജൻ
തൻ നിരുപമ സ്നേഹമെന്നിൽ നിറഞ്ഞൊഴുകീടവേ 
കദനങ്ങൾ പെരുകുമീ ജീവിത വഴിത്താരയിൽ
നൽ കനിവേകി എന്നിൽ ആശ്രയമേകിടുന്നു

കൊഴിഞ്ഞ് പോയൊരാ ദിനരാത്രങ്ങളിൻ
ദുഃഖ സാഗരങ്ങൾ ഓർത്തീടവേ 
എൻ അകതാരിൽ ഉയർന്ന്പൊങ്ങിയാ
വൻ താപത്തിൻ തിരകൾ, ദുർഘടമാം പാതകൾ 

കരിഞ്ഞുപോം മുറിപ്പാടുകളെ 
നീക്കി തൻ അൻപിയലുന്നതാം 
സ്നേഹ സാന്ത്വനം 
എന്നിലരുളി എൻ ജീവനായ്
തീർന്നൊരീ ആത്മസ്വരൂപൻ

ചാരുവാൻ ഇടമില്ലാതലഞ്ഞ 
നാളിൽ എൻ അന്തികേ 
നിദാന്ത സ്നേഹമിയന്ന ജീവനാഥനെ 
നിന്നിൽ ഞാൻ ആശ്രയിച്ചീടുന്നു.
നീയാം നിത്യസങ്കേതത്തിൽ
ഞാൻ അനുദിനം പാർത്തിടുന്നു.

സാന്ദ്ര ഹന്ന സുമേഷ് കുണുഞ്ഞി

Comments