പാപവും പാപങ്ങളുടെ മോചനവും

പാപം എന്ന വാക്കിന്റെ വിശാലമായ അർത്ഥം ലക്ഷ്യം തെറ്റുക എന്നാണ്. ദൈവസൃഷ്ടിയായ മനുഷ്യന്റെ ഒരേയൊരു ലക്ഷ്യം മരണശേഷം തന്റെ സൃഷ്ടിതാവായ ദൈവത്തിന്റെയടുക്കലെത്ത ണമെന്നുള്ളതാണ്. പക്ഷെ ദൈവത്തിന്റെയടുക്കലെത്തുവാൻ തടസ്സങ്ങൾ അനവധിയാണ്. എന്നാൽ ദൈവം മനുഷ്യനോട് പറഞ്ഞിട്ടുള്ളത് നോക്കുക. “ശുദ്ധീകരണം കൂടാതെ ആരും ദൈവത്തെ കാണുകയില്ല.''(എബ്രായർ 12:14). “ഞാൻ വിശുദ്ധനായിരിക്കയാൽ നിങ്ങളും വിശുദ്ധരായിരിക്കുവിൻ” (ലേവ്യ 11:14). അങ്ങനെയെങ്കിൽ ദൈവത്തിന്റെയടുക്കലെത്താനാഗ്രഹിക്കുന്ന ഒരു വ്യക്തി വിശുദ്ധനായിരിക്കണമെന്നു ദൈവം നിഷ്കർഷിക്കുന്നു. എന്താണ് വിശുദ്ധി? ഒരർത്ഥത്തിൽ പറഞ്ഞാൽ പാപം ഇല്ലാത്ത അവസ്ഥയാണ് വിശുദ്ധി, പക്ഷെ എല്ലാ മനുഷ്യരിലും പാപമുണ്ടെന്ന് ദൈവവചനം വെളിപ്പെടുത്തുന്നു. “എല്ലാവരും പാപം ചെയ്തു ദൈവതേജസ്സില്ലാത്തവരായ് തീർന്നിരിക്കുന്നു.'' (റോമർ 3 : 22) ഈ പ്രപഞ്ചത്തിൽ പാപം ആദ്യമായ് പ്രത്യക്ഷപ്പെട്ടത് വീണുപോയ ദൂതന്റെ ജീവൻ മനുഷ്യനിൽ പ്രവേശിച്ചപ്പോഴാണ്. വീണുപോയ ദൂതൻ സാത്താനാണ്. അവന്റെ യഥാർഥ പേര് ലൂസിഫർ. സാത്താന്റെ ജീവനും മനുഷ്യജീവനും തമ്മിലുണ്ടായ ഒരവിഹിതബന്ധത്തിന്റെ ഉൽപന്നമാണ് പാപം. പാപം സാത്താന്റെ സൃഷ്ടിയാണ്.
വീണുപോയ ദൂതൻ
സൃഷ്ടിപ്പിൽ ദൈവത്തിന്റെ ആദ്യ സൃഷ്ടിയാണ് സ്വർഗ്ഗത്തിലെ ദൂതന്മാർ. ആരാധന ആഗ്രഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ദൈവം തന്നെ ആരാധിക്കുന്നതിന് വേണ്ടിയാണ് ദൂതന്മാരെ സൃഷ്ടിച്ചത്. സ്വർഗ്ഗത്തിലെ ആരാധനയ്ക്ക് നേതൃത്വം നൽകാനും ആരാധന നിയന്ത്രിക്കുന്നതിനും വേണ്ടി ദൂതന്മാരിൽ പ്രധാനിയായ ലൂസിഫറിനെ ദൈവം തിരഞ്ഞെടുത്താക്കി. എന്നാൽ ഒരു ദിവസം അവൻ തന്നിൽ തന്നെ അഹങ്കരിക്കുകയും നിഗളിക്കുകയും ചെയ്യുക നിമിത്തം ലൂസിഫറിനെ ദൈവം സ്വർഗ്ഗത്തിൽനിന്നു പുറത്താക്കി. സ്വർഗ്ഗത്തിലെ സ്ഥാനമാനങ്ങൾ നഷ്ടപ്പെട്ട ലൂസിഫർ ദൈവത്തിന്റെയും ദൈവത്തിന്റെ സൃഷ്ടിയായ മനുഷ്യന്റെയും ശത്രുവായി തീർന്നു.സാത്താന്റെ ജീവൻ മനുഷ്യനിൽ ദൈവം മനുഷ്യനെ സൃഷ്ടിച്ച് ഏദൻ തോട്ടത്തിലാക്കി. തോട്ടത്തിൽ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും ഉണ്ടായിരുന്നു.

ജീവവൃക്ഷത്തിന്റെ ഫലം ഭക്ഷിക്കുവാൻ മനുഷ്യനെ ദൈവം അനുവദിക്കുകയും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷഫലം ഭക്ഷിക്കുന്നത് വിലക്കുകയും ചെയ്തു. സാത്താന്റെ ജീവൻ ഉൾക്കൊള്ളുന്നതായിരുന്നു നന്മതിന്മകളെ ക്കുറിച്ചുള്ള അറിവിന്റെ വൃക്ഷഫലം. എന്നാൽ ജീവവൃക്ഷത്തിന്റെ ഫലമാകട്ടെ ദൈവത്തിന്റെ ജീവനുൾക്കൊള്ളുന്നതുമായിരുന്നു ഒരുദിവസം സാത്താൻ ഏദൻതോട്ടത്തിൽ പ്രത്യക്ഷപ്പെടുകയും ഭക്ഷിക്കരുതെന്ന് പറഞ്ഞ് ദൈവം വിലക്കിയ ഫലം ഭക്ഷിക്കുവാൻ മനുഷ്യനെ പ്രേരിപ്പിക്കുകയും മനുഷ്യൻ അത് ഭക്ഷിക്കുകയും ചെയ്തു. അങ്ങനെ വീണുപോയ ദൂതനായ സാത്താന്റെ ജീവൻ മനുഷ്യനിൽ കടന്നു. മനുഷ്യൻ പാപിയായ് തീർന്നു. സാത്താന്യ ജീവൻ അഥവാ വസിക്കുന്നതുകൊണ്ടാണ് മനുഷ്യനിൽ അവൻ പാപപ്രവർത്തികൾ ചെയ്യുന്നത്.

ഏക മനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ വന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്തതിനാൽ മരണം സകലമനുഷ്യരിലും വ്യാപിച്ചു.” (റോമർ 5:12) പാപത്തിനുശിക്ഷയുണ്ട്. ആ ശിക്ഷ മരണമാണ്. ദൈവവുമായിട്ടുള്ള മനുഷ്യന്റെ ബന്ധം പാപം നിമിത്തം നഷ്ടപ്പെടുകയും തന്റെ ശാരീരിക മരണത്തിനു ശേഷം അവന്റെ അത്മാവ് നിത്യ നരകത്തിൽ എത്തുന്നതുമാണു ഈ മരണം. നരകം ഗന്ധകം കത്തുന്ന തീപൊയ്കയാണ്. ഈ തീ പൊയ്കയിൽ വീണാൽ ഉടൻ കത്തി തീരുമെന്ന് ആരും ധരിക്കരുത്. തീയുടെ പൊള്ളലേറ്റ് നിത്യകാലം മുഴുവൻ നരകത്തിൽ തന്നെ കഴിയേണ്ടിവരുമെന്നോർക്കുക! മരണ ശേഷം ശരീരം വിട്ടു പോകുന്ന ആത്മാവിനോടൊപ്പം ദേഹിയുമുള്ളതുകൊണ്ട് ജീവിച്ചിരുന്നപ്പോൾ ഒരു വ്യക്തി തന്റെ ശരീരത്തിൽ അനുഭവിച്ചതുപോലത്തെ വേദന മരണശേഷവും തന്റെ ദേഹിയിൽ അനുഭവമായ്ത്തീരുന്നു.
പാപമോചനം
ദൈവവചനം ഇപ്രകാരം പറയുന്നു “യേശുക്രിസ്തുവിന്റെ രക്തം സകലപാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു. (1 യോഹന്നാൻ 1: 7). “സകലവും രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു. രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല.'' (പാപമോചനം) (9:22). “മാംസത്തിന്റെ ജീവൻ രക്തത്തിലല്ലൊ ഇരിക്കുന്നത്.” (ലേവ്യ 17:11) യേശുക്രിസ്തു ക്രൂശിൽ ചൊരിഞ്ഞ രക്തത്തിൽ തന്റെ ജീവനുണ്ടായിരുന്നു. യേശുവിന്റെ ജീവൻ നിത്യ ജീവനാണ്. “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം യേശുവിനെ ലോകത്തിനുനൽകി.” (മനുഷ്യർക്ക്) (യോഹന്നാൻ 3:16) “പുത്രനെ നോക്കികൊണ്ട് അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവനുണ്ട്.' (യോഹന്നാൻ 6 : 40) “ഏകസത്യ ദൈവമായിരിക്കുന്ന പിതാവിനേയും പിതാവ് അയച്ചിരിക്കുന്ന പുത്രനേയും അറിയുന്നതുതന്നെ നിത്യജീവനാകുന്നു.'' (യോഹന്നാൻ 11 : 3 യേശുവിനെക്കുറിച്ചുള്ള രക്ഷയുടെ സുവിശേഷം കേൾക്കുകയോ വായിക്കുകയോ ചെയ്യുമ്പോൾ യേശുവിനെക്കുറിച്ച് അറിവ് ലഭിക്കുന്നു. ഈ അറിഞ്ഞ സത്യം വിശ്വാസമായ് തീരുമ്പോഴാണ് ഒരു വ്യക്തിയിൽ മാനസാന്തരവും പാപമോചനവുമുണ്ടാകുന്നത്.സകലമനുഷ്യ വർഗ്ഗത്തിന്റെയും പാപമോചനത്തിനായ് യേശുക്രൂശിൽ രക്തം ചിന്തി മരിച്ചതും അടക്കപ്പെട്ട് മൂന്നാം നാൾ ഉയർത്തെഴുന്നേറ്റതും ഒരു ചരിത്രസത്യമാണ്. അതുകൊണ്ട് വിശുദ്ധവേദപുസ്തകം പറയുന്നത് ഇപ്രകാരമാണ് “യേശുവിനെ കർത്താവ് എന്ന് വായ്കൊണ്ട് ഏറ്റ് പറയുകയും ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയർപ്പിച്ചുവെന്ന് ഹൃദയം കൊണ്ട് വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും. (റോമർ 10:9)

“മറ്റൊരുവനിലും രക്ഷയില്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു നാമവുമില്ല.''(അഃപ്രവർത്തികൾ4:12) അങ്ങനെയെങ്കിൽ - "കർത്താവായ യേശുവെ അങ്ങ് ക്രൂശിൽ ചൊരിഞ്ഞ രക്തത്താൽ എന്റെ പാപങ്ങൾക്ക് മോചനമുണ്ടെന്ന് ഇപ്പോൾ ഞാനറിയുന്നു. അങ്ങയുടെ രക്തത്താലുള്ള എന്റെ പാപമോചനത്തിനായ് ഞാനങ്ങയെ സ്തുതിക്കുന്നു. അങ്ങയുടെ ഒരു മകനായി - മകളായി ഞാനെന്നെ സമർപ്പിക്കുന്നു. താങ്കളുടെ വിലപ്പെട്ടതായ ഈ സമർപ്പണം മൂലം ഇന്നുവരെ താങ്കളെ നിയന്ത്രിച്ചുകൊണ്ടിരുന്ന സാത്താന്റെ ജീവൻ യേശുക്രിസ്തുവിന്റെ രക്തത്തിന്റെ ശക്തിയാൽ തകരുകയും പകരം യേശുക്രിസ്തുവിന്റെ നിത്യജീവൻ താങ്കളുടെ സമ്പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യും. ഹല്ലേലൂയ്യ!! ഇനി മുതൽ താങ്കൾ ഒരു പാപിയല്ല. ശാപം ഇനി നിങ്ങളിൽ ഉണ്ടായിരിക്കുകയില്ല.
യേശുവിനെക്കുറിച്ചുള്ള രക്ഷയുടെ സുവിശേഷം കേൾക്കുകയോ വായിക്കുകയോ ചെയ്യുമ്പോൾ യേശുവിനെക്കുറിച്ച് അറിവ് ലഭിക്കുന്നു. ഈ അറിഞ്ഞ സത്യം വിശ്വാസമായ് തീരുമ്പോഴാണ് ഒരു വ്യക്തിയിൽ മാനസാന്തരവും പാപമോചനവുമുണ്ടാകുന്നത്.
വിശ്വാസ സ്നാനം
നമുക്ക് പാപമോചനവും പാപക്ഷമയും ലഭിക്കേണ്ടതിന്, വഷളത്വം നിറഞ്ഞതും, വീഴ്ച ഭവിച്ചതും, പാപപ്രകൃതിയുള്ളതുമായ നമ്മുടെ പാപമനുഷ്യനെ അഥവാ ആദാമ്യ സ്വഭാവമുള്ള പഴയ മനുഷ്യനെ ക്രൂശിൽ തന്നോടൊപ്പം മരിക്കുവാൻ യേശു തന്റെ ശരീരത്തിൽ ഏറ്റെടുത്തു. അങ്ങനെ നമ്മുടെ പഴയ മനുഷ്യൻ യേശുവിനോടുകൂടെ ക്രൂശിക്കപ്പെട്ടു. റോമൻ പടയാളികൾ യേശുവിനെ ക്രൂശിക്കേണ്ടതിന് മരക്കുരിശിൽ കയറ്റിയപ്പോൾ ആദാമ്യ വർഗ്ഗത്തിലും തിരഞ്ഞെടുപ്പിലുംപെട്ടതായ സകല പാപികളും ക്രൂശിൽ തന്നോടൊപ്പ മുണ്ടായിരുന്നു. “എല്ലാവർക്കും വേണ്ടി ഒരുവൻ മരിച്ചിരിക്കെ എല്ലാവരും മരിച്ചു.” (2 കൊരിന്ത്യർ 5:14) പാപം സംബന്ധിച്ച് യേശുവിനോട് കൂടെ “സ്നാനത്തിൽ നിങ്ങൾ മരിച്ചെന്നുള്ള യാഥാർത്ഥ്യം വിശ്വസിച്ച് ഉറപ്പാക്കിയാൽ അടുത്ത നടപടി മരിച്ച പാപമനുഷ്യനെ അഥവാ പാപജഢത്തെ അടക്കം ചെയ്യുക എന്നുള്ളതാണ്. ഈ അടക്കം വെള്ളത്തിൽ മുങ്ങിയുള്ള സ്നാനത്തിലൂടെയാണ് നടക്കുന്നത്. ക്രിസ്തുവിനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽ നിന്നും ഉയർത്തെഴുന്നേൽപ്പിച്ച ദൈവത്തിന്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ അവനോടുകൂടെ നിങ്ങളും ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു.' (കൊലോസ്യർ 2:12) വെള്ളത്തിലെ സ്നാനത്തിന് രണ്ടുപടികളാണുള്ളത്.

ഒന്ന് വെള്ളത്തിൽ മുങ്ങുന്നത്. (അടക്കം) ഇതുമുൻപ് നടന്ന തന്റെ മരണത്തേയും അടക്കത്തേയും സാക്ഷീകരിക്കുന്നു. രണ്ട് വെള്ളത്തിൽ നിന്ന് പൊങ്ങുന്നതാണ്. (ഉയർത്തെഴുന്നേൽപ്പ്) ഇത് നീതിക്കായ് ഞാൻ ദൈവത്തിനുവേണ്ടി ജീവിക്കും എന്ന ഉറപ്പിന്റെയും ഉടമ്പടിയുടേയും സാക്ഷീകരണമാണ്. യേശു യോർദ്ദാൻ നദിയിലെ വെള്ളത്തിൽ യോഹന്നാൻ സ്നാപകന്റെ കൈക്കീഴിൽ മുങ്ങിപൊങ്ങി സ്നാനമേറ്റു. ഈ സ്നാനം ഭാവിയിൽ തനിക്ക് സംഭവിക്കാനിരിക്കുന്ന അക്ഷരീകമായ അടക്കത്തിന്റെയും ഉയിർപ്പിന്റെയും നിഴലായിരുന്നു. ഈ നിഴലിനോട് അഥവാ സാദൃശ്യത്തോട് നാം ഏകീഭവിക്കുന്നതാണു സ്നാനം. (റോമർ 6:5). യേശുവിനോട് കൂടെ മരിച്ച് അടക്കപ്പെട്ട് ഉയിർത്തെഴുന്നേറ്റു എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തി യേശു യോർദ്ദാനിൽ ചെയ്തതുപോലെ വെള്ളത്തിൽ മുങ്ങി പൊങ്ങി സ്നാനമേൽക്കണം. ഇതു ഒരു ദൈവീക മർമ്മമാണ്. ദൈവത്തിന്റെ അലംഘനീയമായ കൽപനയും ആലോചനയുമാണ്. (റോമർ 6 : 3,4; മത്തായി 28: 19, ലൂക്കോസ് 7 : 30) അതുകൊണ്ടാണ് - “വിശ്വസിക്കുകയും സ്നാനമേൽക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസി ക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.'' - എന്ന് യേശു പറഞ്ഞത്. (മർക്കോസ് 16:16) ഒരു സ്നാപകൻ സ്നാനാർത്ഥിയെ തന്റെകൈക്കീഴിലെ വെള്ളത്തിൽ മുക്കി പൊക്കി സ്നാനപ്പെടുത്തുമ്പോൾ സ്നാനമേൽക്കുന്ന വ്യക്തിയുടെ ഹൃദയത്തിൽ ഉളവാകുന്ന വിശ്വാസം- ഞാൻ യേശുവിനോടുകൂടെ മരിച്ച് അടക്കപ്പെടുകയും ഉയർത്തെഴു ന്നേൽക്കുകയും ചെയ്തു എന്നതാണ്. ഈ വിശ്വാസത്തെ പരസ്യമായ് പ്രഖ്യാപിച്ച് അതുപ്രവർത്തിയിൽ കാണിക്കുന്നതാണ് വിശ്വാസ സ്നാനം. പ്രവർത്തിയില്ലാത്ത വിശ്വാസം ചത്ത വിശ്വാസമാണെന്ന് ദൈവവചനം പറയുന്നു. (യാക്കോബ് 2 : 20)ഈ വചനങ്ങളാൽ ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ!

Comments